മാഡ്രിഡ്: സ്പെയിനിൽ വാടകക്കയറ്റവും ഭവന പ്രതിസന്ധിയും രൂക്ഷമായതോടെ സർക്കാരിനെതിരെ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മാഡ്രിഡിലെ റെറ്റിറോയിൽ പതിറ്റാണ്ടുകളായി താമസിച്ചിരുന്ന 87-കാരിയായ മാരികർമെൻ അബാസ്കൽ എന്ന വയോധികയെ വെറും 30 മിനിറ്റ് മാത്രം നൽകി നിക്ഷേപക ഫണ്ട് ഉടമകൾ ബലമായി ഒഴിപ്പിച്ചതാണ് വൻ ജനരോഷത്തിന് തിരികൊളുത്തിയത്. വീൽചെയർ ഉപയോഗിക്കുന്ന ഇവരെ പിന്നീട് സ്ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തലസ്ഥാനമായ മാഡ്രിഡിൽ മാത്രം എഴുപതിനായിരത്തോളം പേരാണ് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് റാലി നടത്തിയത്. വാടക മരവിപ്പിക്കാനും ഹ്രസ്വകാല വാടകകൾ നിയന്ത്രിക്കാനുമായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കൊണ്ടുവന്ന ബിൽ പാർലമെന്റ് തള്ളിയതാണ് പ്രതിഷേധം കത്താൻ ഇടയാക്കിയത്. വലൻസിയയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വയോധികയ്ക്ക് പഴയ വീട്ടിലേക്ക് മടങ്ങാൻ ഉടമസ്ഥർ പ്രാഥമിക കരാർ വാഗ്ദാനം ചെയ്തെങ്കിലും, പ്രതിസന്ധിക്ക് പരിഹാരം കാണാനാവാതെ വലയുന്ന പ്രധാനമന്ത്രി നവംബറിൽ മിന്നൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.